വന്യ മൃഗങ്ങളെ തുരത്താൻ
സംവിധാനവുമായി സിയോണ
വന്യമൃഗങ്ങളെ തുരത്താൻ ഇലക്ട്രോണിക് സംവിധാനവുമായി മലയോരത്ത് നിന്നൊരു മിടുക്കി. ചെറുപുഴ കാക്കയാൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരി സിയോണ മരിയയുടേതാണ് ആശയം.
സെന്റിനൽ ഗാർഡ്' എന്നാണ് സിയോണ വികസിപ്പിച്ച ഉപകരണത്തിന്റെ പേര്. സ്വന്തം കൃഷിയിടത്തിൽ ഫലപ്രദമായി പരിക്ഷിച്ച് വിജയിപ്പിച്ച ശേഷമാണ് ജില്ലാ ശാസ്ത്രമേളയിൽ പരിചയപ്പെടുത്തിയത്. സെൻസർ ഉപയോഗിച്ച് 10 മീറ്റർ അകലെവരെയുള്ള വന്യജീവികളുടെ സാന്നിധ്യം അറിയും. തുsർന്ന് സർക്യൂട്ട് ഓണാകുകയും ഉപകരണത്തിലെ ബസറിൽ നിന്നും പ്ലേറ്റിൽ നിന്നും ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും.
ഒപ്പം ലേസർ ലൈറ്റും തെളിയും. നിശ്ചിത സമയത്തേക്കാണ് പ്രവർത്തനം. 30 സെക്കൻഡാണ് സെറ്റ് ചെയ്തിരിക്കുന്നത്. ചെറുപുഴയിലെ ജോമോൻ ജോസ്-സുമി ദേവസ്യ ദമ്പതിമാരുടെ മകളാണ്.
ഒറ്റ ദിവസത്തിനുള്ളിൽ പ്ലാസ്റ്റിക് അഴുകും വിദ്യ
ഒറ്റദിവസംകൊണ്ട് പ്ലാസ്റ്റിക് അഴുകിപ്പിക്കാനുള്ള സംവിധാനവുമായി ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികളായ ദേവികയും ആര്യയും. "എൻസൈമാറ്റിക് പ്ലാസ്റ്റിക് ബയോറെമഡിയേഷൻ പ്ലാന്റ്' എന്ന ആശയമാണ് അവതരിപ്പിച്ചത്.
നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും നമ്മുടെ ചുറ്റുപാടുകൾക്ക് ഏറ്റവും ഭീഷണിയാകുന്നതുമായ മൂന്നുതരം പ്ലാസ്റ്റിക്കുകളെ ബയോ റീസൈക്കിൾ പ്രക്രിയവഴി ഇല്ലാതാക്കാനും പുനരുപയോഗത്തിനായി പരിവർത്തിപ്പിക്കാനും കഴിയുമെന്ന ആശയമാണിത്. ജില്ലാ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ ഹയർ സെക്കൻഡറി വിഭാഗ മത്സരത്തിലാണ് ഇത് അവതരിപ്പിച്ചത്.
പോളി യൂറത്തേൽ (പിയു), പോളി എത്തിലിൻ നെർത്താ ലേറ്റ (പിഇടി), പോളി എത്തിലി (പിഇ) എന്നീ പ്ലാസ്റ്റിക്കുകളെ പ്രത്യേകം സജ്ജമാക്കിയ എൻസൈമുകൾ വഴി വിഘടിപ്പിക്കാം എന്നതാണ് ആശയം.
എൻസൈമുകളെ മേൽപ്പറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളിൽ വളർത്തുന്നതാണ് ആദ്യപടി. നിശ്ചിത താപനിലയിലും പിഎച്ചിലും പല പ്രക്രിയകൾ തുടരും. ജെനറ്റിക് ലാബിലും പ്രവർത്തനങ്ങൾ നടക്കും. അനേക വർഷങ്ങൾ കഴിഞ്ഞ് അഴുകിയേക്കാവുന്ന പ്ലാസ്റ്റിക് ഒറ്റ ദിവസംകൊണ്ട് അഴുകുമെന്ന് ഇവർ പറയുന്നു. മാലിന്യങ്ങളും ഉണ്ടാവുന്നില്ല.
കാർബൺഡൈ ഓക്സൈഡിൽ നിന്നു വസ്ത്രങ്ങൾ നിർമ്മിക്കാം
കാർബൺഡൈ ഓക്സൈഡിൽ നിന്നു വസ്ത്രങ്ങൾ നിർമിക്കുന്ന സാങ്കേതിക വിദ്യയുമായി വിദ്യാർഥികൾ. സോളാർ എനർജി ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണം നടത്തി ഓക്സിജനും ഹൈഡ്രജനുമാക്കി പ്രത്യേകം ടാങ്കുകളിൽ സംഭരിക്കും. കാർബൺ ഡൈഓക്സൈഡും ഹൈഡ്രജനുമായി 1:2 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി എഞ്ചിർഡ് കുപ്രിവിഡസ് നെക്യൂട്ടർ കൾച്ചറിലേക്ക് പമ്പ് ചെയ്യും. താപനില നിലനിർത്താനും കൾച്ചർ ഇളക്കിക്കൊണ്ടിരിക്കുന്നതിനുമായി ഹീറ്റിംഗ് മാഗ്നറ്റിക്സ്റ്റിറർ ഉപയോഗിക്കുന്നു.
ഇവിടെ കാർബൺഡൈ ഓക്സൈഡിനെ ഗ്ലൂക്കോസാക്കി മാറ്റുന്നു. തുടർന്ന് ഇവ കൊമാ ഗാറ്റ ബാക്ടർ സൈലിനസ് കൾച്ചറിലേക്ക് പമ്പ് ചെയ്യുന്നു. ഇവിടെയുള്ള ബാക്ടീരിയ ഗ്ലുക്കോസിനെ സെല്ല് ലോസാക്കി മാറ്റി ഫൈബർ സ്പിന്നിംഗിലൂടെ കടത്തി ജൈന വിഘടനം സംഭവിക്കുന്ന നൂലുകളാക്കി വസ്ത്രം നെയ്യാം.കൂടാളി ഹയർസെക്കൻഡറി വിദ്യാർഥികളായ മനോമിയും സന്തോഷും അനുനന്ദ വിനുവുമാണ് പ്രൊജക്ട് അവതരിപ്പിച്ചത്.